ഭാരതമേദിനി പോറ്റിവളര്‍ത്തിയ
വീരന്മാരാം പടയാളികളേ
കര്‍മ്മഭൂമിയായ് കരവാളൂരിയ
ദേശഭക്തിതന്‍ അലയാഴികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം

തുംഗവീരരാം ബംഗാളികളേ
പങ്കാളികളാം പഞ്ചാബികളേ
ഹിമവാന്‍ പോറ്റിയ കുമയോണികളേ
സമരവീരരാം ഒറിയാക്കാരേ
ഉത്തമചരിത മറാത്താനാടിന്‍ പുത്രന്മാരേ
ഗുജറാത്തികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം

രാജപുത്രരേ രണനായകരേ
വിശാലാന്ധ്രതന്‍ വീരന്മാരേ
കന്നഡഭൂവിന്‍ തനയന്മാരേ
ചെന്തമിഴ്നാട്ടിലെ വീരന്മാരേ
മലമകളാകിയ കേരളനാടിന്‍
മടിയിലുണര്‍ന്നൊരു മലയാളികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനം

എന്തിലുമേതിലും ഇന്‍ഡ്യ എന്നൊരു
ചിന്തയിലമരും പോരാളികളേ
ഒരേരക്തമാണൊരേ ലഹരിയില്‍
രഥം തെളിക്കും തേരാളികളേ
നിങ്ങള്‍തന്നപദാനം അമ്മയ്ക്കിന്നഭിമാനംSave This Page As PDF