സ്വാമി ശരണം ശരണമെന്റയ്യപ്പാ
സ്വാമിയല്ലാതെ ശരണമില്ല

ശുദ്ധമായ് കാര്ത്തികമാസമൊന്നാം ദിനം
രുദ്രാക്ഷമാല കഴുത്തില് ചാര്ത്തി
മണ്ഡലമൊന്നു കഴിഞ്ഞിടുമ്പോള്
സ്വാമിയെ ധ്യാനിച്ചു ഭക്തിയോടെ

കെട്ടുമെടുത്തു ശരക്കോലും കൊണ്ടങ്ങു
പേട്ടയില് ചെന്നുടന് പേട്ടയാടി
കൂട്ടമായ് വാവരു സ്വാമിയെ വന്ദിച്ചു
കൂട്ടം കൂടാതെ നടന്നുടനെ

നാട്ടിന്നഥിപനാമയ്യപ്പന് തന്നുടെ
കോട്ടപ്പടിയും കടന്നെല്ലാരും
പേരൂര് തോട്ടില് ചെന്നു മുങ്ങിവഴിപോലെ
കാനന മാര്ഗ്ഗേണ സഞ്ചരിച്ചു

കീര്ത്തനം പാടിനടന്നു പതുക്കവെ
ആനന്ദമോടെ അഴുതപുക്ക്
അഴുതയില് മുങ്ങീട്ട് കല്ലുമെടുത്തുടന്
കല്ലിട്ടു കല്ലിടാം കുന്നുമേറി

കരടികള് കടുവകള് കുടികൊണ്ടിരിക്കുന്ന
കരിമലമെല്ലെ ചവിട്ടിക്കേറി
പരമപവിത്രമാം പമ്പാസരസ്സിതില്
പരിചൊടു മുങ്ങിക്കുളിച്ചശേഷം

സദ്യകള് ദാനങ്ങള് ദക്ഷിണയെന്നിവ
ഒക്കെനടത്തിയാനന്ദമോടെ
നീലാരവിന്ദദലപ്രഭ പൂണ്ടൊരു
നീലിമലതന് മുകളിലേറി

ശബരിതാന് പണ്ടു തപം ചെയ്തിരുന്നൊരു
ശബരിമലയും കടന്നുചെന്നു
പൊന്നുപടി പതിനെട്ടും കരയേറി
പൊന്നമ്പലം കണ്ടു സന്തോഷിച്ചു

കനിവൊടു മാളികമേലെ വസിച്ചീടും
ജനനിയെ വാഴ്ത്തിസ്തുതിച്ചെല്ലാരും
പെട്ടെന്നു ചെന്നുടന് കുമ്പളം തോട്ടിലെ
പുണ്യതീര്ഥത്തില് കുളികഴിഞ്ഞു

ഹരിഹരനന്ദന പദപദ്മം കണ്ടു
പരിചൊടെയെല്ലാരും സന്തോഷിച്ചു
സ്വാമിശരണം ശരണമെന്റയ്യപ്പ
സ്വാമിയല്ലാതെ ശരണമില്ല

Save This Page As PDF