മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ
മാവുകൊണ്ടൊരു നെയ്യപ്പം ചുട്ടു
ആകാശവീട്ടിലെ ആയിരം കുഞ്ഞുങ്ങള്
വായില്ക്കോട്ടയോടെ വട്ടമിട്ടു

കുന്നും മലകളും മാമരച്ചില്ലയാല്
കുഞ്ഞിക്കൈയ്യുകള് പൊക്കിപ്പിടിച്ചു
താഴെയുള്ളൊരു നീലക്കുളങ്ങള്
താമരക്കിണ്ണം നീട്ടിപ്പിടിച്ചു

നെയ്യപ്പം ചുട്ടു പറത്തിന്മേല് വെച്ചു
പയ്യെ മുത്തശ്ശികണ്ണൊന്നടച്ചു
ഓടിയെത്തിയ വമ്പനാം മേഘം
ഒറ്റക്കു നെയ്യപ്പം തിന്നുവാന് നോക്കി

കയ്യില് കിട്ടാത്ത നെയ്യപ്പം
അതു പൊട്ടിച്ചാല് പൊട്ടാത്ത നെയ്യപ്പം
കുഞ്ഞുങ്ങള്ക്കെത്താത്ത നെയ്യപ്പം
അതു തിന്നുവാന് പറ്റാത്ത നെയ്യപ്പം
Save This Page As PDF